തിരുവനന്തപുരം: യഥാര്‍ത്ഥ വിവരം മറച്ചുവെച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് പങ്കുവെച്ച ഫേസ്ബുക്ക് പേജിനെതിരെ ഡിജിപിക്ക് പരാതി നല്കി ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍.

‘കലയന്താനി കാഴ്ചകള്‍’ എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് മന്ത്രിയുടെ പരാതി. ഹൃദ്രോഗത്തെ തുടര്‍ന്ന് താന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നുവെന്നും എന്നാല്‍ ഇതിലെ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങള്‍ മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ ഫേസ്ബുക്ക് പ്രചരിച്ചു എന്നുമാണ് മന്ത്രി പറയുന്നത്.
പോസ്റ്റില്‍ പറയുന്ന വിവരങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പറയുന്നു. 2024 മെയ് 12ന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം അഡ്മിറ്റാകുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. തുടര്‍പരിശോധനയില്‍ ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തി.

മെയ് 14ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുകയും ചെയതു. പതിനേഴിന് ഡിസ്ചാര്‍ജായി. ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ അടച്ച തുകയുടെ റീ ഇംബേഴ്സ്മെന്റിനെ സംബന്ധിച്ചാണ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ പ്രചാരണം യുഡിഎഫ്, സംഘ്പരിവാര്‍ അനുകൂല സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകള്‍ വഴിയും യൂട്യൂബ് ചാനലുകള്‍ വഴിയും നടത്തിക്കൊണ്ടിരിക്കുന്നത്.
ആന്‍ജിയോപ്ലാസ്റ്റി നടത്താന്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍ജ് ചെയ്യുന്ന സാധാരണ തുകയാണ് തന്നില്‍ നിന്ന് ഈടാക്കിയതെന്ന് മന്ത്രി പറഞ്ഞു.