Kerala

ഡിജിറ്റൽ സർവകലാശാലയിൽനിന്ന് ബിരുദം മികച്ചനിലയിൽ നേടുന്നവർക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് അവസരം; ധനമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ മൂന്നു കേന്ദ്രങ്ങൾ ആരംഭിക്കും. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപയും ബജറ്റിൽ വകയിരുത്തി. ഡിജിറ്റൽ സർവകലാശാലയ്ക്ക് വായ്പ എടുക്കാൻ അനുമതി നൽകുമെന്നും ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ സർവകലാശാലയിൽനിന്ന് ബിരുദം മികച്ചനിലയിൽ നേടുന്നവർക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് അവസരം.

തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാവില്ല എന്നതായിരിക്കണം മുദ്രാവാക്യമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയ ശേഷമാണ് ധനമന്ത്രി കേരളത്തെ തകർക്കാനാകില്ലെന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത്. വികസനത്തിന് വേറിട്ട മാതൃകകൾ നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി. ന്യായമായ ഒരു ചെലവും സർക്കാർ വെട്ടിക്കുറച്ചിട്ടില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്നു വർഷത്തിൽ മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലത്തിലെ യുദ്ധങ്ങൾ തുടർന്നാൽ കേരളത്തെ സാമ്പത്തികമായി ബാധിക്കും. പ്രളയത്തെയും കോവിഡിനെയും നേരിട്ടതുപോലെ സംസ്ഥാനം പ്രത്യേക പദ്ധതി തയാറാക്കി കേരളം അതിനെ നേരിടും. കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറിയ ടൂറിസം രംഗം വികസനത്തിന്റെ പടിവാതിലിലാണ്. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്.

സിൽവർലൈൻ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വന്ദേഭാരത് എക്സ്പ്രസ് വന്നതോടുകൂടി ഇടതുപക്ഷസർക്കാർ പറഞ്ഞകാര്യങ്ങളുടെ യാഥാർഥ്യം ‌ജനങ്ങൾക്കു വ്യക്തമായി. കേരളത്തിന്റെ റെയിൽ വികസനം കേന്ദ്രം അവഗണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാത്രക്കാർ ദുരിതത്തിലാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും. തിരുവനന്തപുരം മെട്രോയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top