India

കശ്മീരിൽ ഓപ്പറേഷൻ സർവശക്തി; ഭീകരരെ തുരത്താൻ വിപുലമായ പദ്ധതിയുമായി ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വിപുലമായ ഭീകര വിരുദ്ധ സൈനിക നടപടി ആരംഭിക്കുന്നു. ഓപ്പറേഷൻ സർവശക്തി എന്ന പേരിലാണ് ഭീകരർക്കെതിരായ ഇന്ത്യൻ സേനയുടെ നീക്കം. പൂഞ്ച്, രജൗരി മേഖലകളിൽ ഭീകരാക്രമണം പതിവായതോടെയാണ് സൈനിക ഓപ്പറേഷന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശം നൽകിയത്. ഇന്ത്യൻ ആർമി, സ്റ്റേറ്റ് ഏജൻസികൾ, ഇന്റലിജൻസ് ഏജൻസികൾ എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ സർവശക്തിയിൽ പങ്കെടുക്കുക.

പിർ പഞ്ചൽ റേഞ്ചുകളുടെ ഇരുവശത്തും ഓപ്പറേഷൻ സർവശക്തി ആരംഭിക്കും. സൈനിക ആസ്ഥാനത്ത് നിന്നും നോർത്തേൺ കമാൻഡിൽ നിന്നും ഭീകരർക്കെതിരെ സുരക്ഷാ സേന നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ആർമി, സ്റ്റേറ്റ് ഏജൻസികൾ, ഇന്റലിജൻസ് ഏജൻസികൾ എന്നിവ പാക് പദ്ധതികളെ തടയാൻ പരസ്പരം അടുത്ത ഏകോപനത്തിൽ സജീവമായി പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ സുരക്ഷയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.

രജൗരി-പൂഞ്ച് പ്രദേശം കഴിഞ്ഞ വർഷം ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. പിർ പഞ്ചൽ റേഞ്ചിൽ വർദ്ധിച്ചുവരുന്ന ഭീകരവാദം ആശങ്കയുളവാക്കുന്ന വിഷയമായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ തന്നെ ഉയർത്തിക്കാട്ടിയിരുന്നു. പ്രദേശത്ത് പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്ക് നിയന്ത്രണ രേഖയിൽ (എൽഒസി) നിന്ന് പിന്തുണ ലഭിക്കുന്നത് തുടരുന്നുവെന്നും ഇതാണ് തീവ്രവാദികൾക്ക് ശക്തി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘തെറ്റായ കാര്യങ്ങളിലേക്ക് ഞാൻ കടക്കില്ല. പകരം, ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞാൻ പറയാം, ‘ജനുവരി 15 ലെ സൈനിക ദിനത്തിന് മുന്നോടിയായ തന്റെ പതിവ് മാധ്യമ സമ്മേളനത്തിൽ പാണ്ഡെ പറഞ്ഞു. പോലീസ് ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുമായുള്ള മികച്ച സഹവർത്തിത്വവും സാങ്കേതികവിദ്യയുടെ ഉപയോഗവും കേന്ദ്രീകരിച്ചാണ് സൈന്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ 21 ന് ദേരാ കി ഗലി (ഡികെജി) പ്രദേശത്തിനും ബുൾഫിയാസിനും ഇടയിലുള്ള ധത്യാർ മോർ എന്ന സ്ഥലത്തെ വളവിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരരുടെ കനത്ത വെടിവയ്പുണ്ടായി. ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് വൻ ഓപ്പറേഷൻ ആരംഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം. വാഹനങ്ങൾക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പൂഞ്ചിലെ കൃഷ്ണ ഘാട്ടിക്ക് സമീപമുള്ള ഒരു വനത്തിൽ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് കരസേന എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.

ആക്രമണത്തിനിരയായ വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെ ക്യാമ്പിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു. മേഖലയിലെ ഭീകരരുടെ പദ്ധതികൾ പരാജയപ്പെടുത്താൻ പുതുവർഷത്തിലേക്കുള്ള ഭീകരവിരുദ്ധ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതിന് വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം നടന്നത്. പൂഞ്ചിലെ പുതിയ ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കനത്ത സൈനിക നടപടികൾ ആരംഭിക്കാൻ തീരുമാനം വരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top