കോളേജിൽ പഠിക്കാനായെത്തിയ വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംഭകോണത്തെ ഒരു കോളജിലാണ് സംഭവം. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ശുചിമുറി പരിസരത്തെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : ശുചിമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം, വിദ്യാര്‍ഥിനി കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് കോളേജിലെ ഒരു ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നും അറിയാത്തതുപോലെ ക്ലാസ് മുറിയില്‍ കയറി ഇരുന്നു. ഇതിനിടെ സഹപാഠികള്‍ അവളുടെ വസ്ത്രങ്ങളില്‍ രക്തക്കറ കണ്ട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അവള്‍ക്ക് ആര്‍ത്തവമുണ്ടെന്നും രക്തസ്രാവമാണെന്നും അവള്‍ നുണ പറഞ്ഞൊപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്ലാസില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് അധികൃതര്‍ അറിയിച്ചതനുസരിച്ച് കോളജ് പരിസരത്ത് നടത്തിയ പരിശോധനയില്‍ ശുചിമുറി പരിസരത്തുനിന്ന് കുഞ്ഞിനെ കണ്ടെത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കി. ഇവര്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും പറഞ്ഞു.

