കണ്ണൂർ: വിവാഹത്തിന് വരൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തായത് ചതിക്കഥ. തലശ്ശേരി പൊന്ന്യം സ്വദേശിനിയായ യുവതിയും കുടുംബവുമാണ് യുവാവിനെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചെത്തിയപ്പോഴാണ് യുവാവ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്.
കണിച്ചാർ പാറയപ്പട്ടണം സ്വദേശിയമായി ബുധനാഴ്ചയാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. മുഹൂർത്തത്തിന്റെ സമയമായിട്ടും യുവാവ് എത്തിയില്ല. ഫോണിൽ വിളിച്ചിട്ടും ലഭിക്കാതിരുന്നതോടെയാണ് കേളകം പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വരന്റെ വീട്ടിൽ ചെന്ന് അന്വേഷിച്ചു. അപ്പോഴാണ് ഭാര്യയും രണ്ട് മക്കൾക്കുമൊപ്പം ബെംഗളൂരുവിലാണ് ഇയാൾ താമസിക്കുന്നത് എന്നറിഞ്ഞത്.
ഇരുവരും ഒന്നിച്ച് പഠിച്ചിരുന്നവരാണ്. സഹപാഠിസംഗമത്തിൽ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് പരിചയം പുതുക്കിയത്. വിവാഹമോചിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. താനും വിവാഹമോചിതനാണ് എന്ന് പറഞ്ഞാണ് ഇയാൾ യുവതിയുമായി അടുക്കുന്നത്. അങ്ങനെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. യുവാവ് വിവാഹിതനാണെന്ന വിവരം പൊലീസ് യുവതിയെയും ബന്ധുക്കളെയും അറിയിച്ചതിനെത്തുടർന്ന് ഇവർ മടങ്ങിപ്പോയി. യുവാവിനെ കണ്ടെത്തിത്തരണമെന്ന് മാത്രമാണ് യുവതിയും ബന്ധുക്കളും ആവശ്യപ്പെട്ടതെന്നും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.