കോഴിക്കോട്: വടകരയിൽ മത്സരിച്ച് ജയിച്ചാൽ പിന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് കെ.മുരളീധരൻ എം.പി. കണ്ണൂരിലേക്ക് മാറി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ അംഗീകരിക്കില്ല. വടകരയിൽ നിന്ന് മാത്രമേ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടൂവെന്നും കെ.മുരളീധരൻ പറഞ്ഞു.
ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ വടകരയിൽ മത്സരിക്കും. വടകരയിൽ ജയിച്ചാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിക്കില്ല. ജയിച്ചാൽ ഉപതെരഞ്ഞെടുപ്പിനായി വടകരക്കാർക്ക് പോവേണ്ടി വരില്ല. വടകരയിൽ തന്നെ മത്സരിക്കും. കണ്ണൂരിൽ ചെറുപ്പക്കാർ വരട്ടെ.
എതിരാളി ആരാണെന്ന് നോക്കിയല്ല മത്സരിക്കുന്നതെന്നായിരുന്നു കെകെ ശൈലജ എതിരാളിയായി എത്തിയാൽ എന്താവുമെന്നതിനോടുള്ള പ്രതികരണം. ഒരു തെരഞ്ഞെടുപ്പെന്ന് പറയുന്നത് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. സ്ഥാനാർത്ഥിയായി ആരെ നിർത്തണമെന്ന് സിപിഎമ്മാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.