Kerala

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കല്യാശേരിയിലെ കള്ളവോട്ട് പരാതിയില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. പോളിങ് ഓഫിസര്‍ പൗര്‍ണമി, പോളിങ് അസിസ്റ്റന്റ് ടികെ പ്രജിന്‍, മൈക്രോ ഒബ്‌സര്‍വര്‍ എഎ ഷീല, വിഡിയോഗ്രാഫര്‍ റെജു അമല്‍ജിത്ത്, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍ ലജീഷ് എന്നിവര്‍ക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. 92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് നടപടി.

വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, വോട്ട് അസാധുവാക്കുമെന്നും റീ പോള്‍ സാധ്യമല്ലെന്നും കാസര്‍കോട് കലക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താന്‍ പാടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

അഞ്ചാംപീടിക കപ്പോട് കാവ് ഗണേശന്‍ എന്നയാള്‍ വോട്ടിങ് പ്രക്രിയയില്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിന്റെ ലംഘനമാണ്. ഇയാള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും നടപടി സ്വീകരിക്കും. അസി. റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ കണ്ണപുരം പൊലീസ് ഈ സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഐപിസി 171 (സി) 171 (എഫ്) പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 128 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സും അന്തസത്തയും കാത്തുസൂക്ഷിക്കുന്നവിധം ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top