ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടൽ ടണലിന് സമീപം കുടുങ്ങിയ വിനോദസഞ്ചാരികളുടെ ജീവൻ പോലീസ് രക്ഷിച്ചു. 300 വിനോദസഞ്ചാരികൾ ആണ് അടൽ ടണലിന്റെ സൗത്ത് പോർട്ടലിന് സമീപം കുടുങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിൽ ആണ് സംഭവം. ചമ്പ, കാൻഗ്ര, കിന്നൗർ, കുളു, ലാഹൗൾ, സ്പിതി, മാണ്ഡി, ഷിംല എന്നിവിടങ്ങളിൽ ശക്തമായ മഴയ്‌ക്കും മഞ്ഞുവീഴ്ചയ്‌ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹിമാചലിൽ തുടർച്ചയായി മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം ഉയർന്ന മേഖലകളിൽ മഞ്ഞുവീഴ്ചയ്‌ക്കും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത ആറ് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ മഴയ്‌ക്കും മഞ്ഞുവീഴ്ചയ്‌ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാൻഗ്ര, ബിലാസ്പൂർ, ഷിംല ജില്ലകളിൽ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.