തമിഴ്‌നാട്ടില്‍ ശക്തമായ മഴ വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം. കനത്ത മഴയില്‍ ദുരിതത്തിലായി തമിഴ്‌നാട്. 4 മണിക്കൂറുകള്‍ക്കിടെ ചെന്നൈയില്‍ പെയ്തത് 20 സിഎം മഴയാണ് എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ശക്തമായ മഴ നഗരത്തില്‍ പെയ്യാന്‍ ആരംഭിച്ചത്. അപ്രതീക്ഷിതമായി മഴ പെയ്തത് ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്.


ചൂളൈമേട്, അമിഞ്ജിക്കരൈ, നന്ദനം, അണ്ണാ നഗര്‍, മൈലാപ്പൂര്‍, മണ്ഡവേലി, ആളണ്ടൂര്‍, മീനംമ്ബാക്കം പോലുളള പ്രദേശങ്ങളെല്ലാം കനത്ത മഴയില്‍ മുങ്ങി. തലസ്ഥാനമായ ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നത്. അതിനിടെ ശക്തമായ മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരണപ്പെട്ടു. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലാണ് ഷോക്കേറ്റുളള അപകട മരണം.

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങള്‍ കനത്ത മഴ ഉണ്ടാകാനുളള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും. കൂടല്ലൂര്‍, വില്ലുപുരം, മയിലാടുംതുറൈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഡിസംബര്‍ 31ന് കനത്ത മഴ പെയ്യും. ജനുവരി 1ന് ചെങ്കല്‍പ്പേട്ട്, കൂടല്ലൂര്‍, വില്ലുപുരം, മയിലാടുംതുറെ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനിടെ 12 സിഎം മഴയാണ് നുങ്കപ്പാക്കത്ത് പെയ്തത്.

ഇത് 2016ന് ശേഷമുളള ഏറ്റവും കൂടിയ മഴയാണ്. 2016 ഡിസംബര്‍ 13 വരെ ഉളള കണക്കുകള്‍ പ്രകാരം 11 സിഎം മഴ മാത്രമാണ് ഇവിടെ ഇതുവരെ ലഭിച്ചിരുന്നത്. 2015 ഡിസംബര്‍ 2നാണ് ഏറ്റവും ഉയര്‍ന്ന മഴ പെയ്തത്. 29 സിഎം ആയിരുന്നു പെയ്ത മഴയുടെ അളവ്. കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

ടി നഗര്‍, അണ്ണാ സാലൈ, നന്ദനം, അടയാര്‍, സെന്റ് തോമസ് മൗണ്ട് എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും ഗതാഗതം തടസ്സപ്പെട്ടത്. റോഡുകള്‍ വെള്ളക്കെട്ടുകളായതോടെ ആംബുലന്‍സുകള്‍ അടക്കമുളള വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. നഗരത്തില്‍ പല കടകളിലും ഓഫീസുകളിലും വെള്ളം കയറി. സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ വെള്ളം കയറിയതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

