Kerala

അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ക്രിമിനൽ കേസുകളിൽ പ്രതികളായത് 1389 സർക്കാർ ജീവനക്കാർ

തിരുവനന്തപുരം: അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ക്രിമിനൽ കേസുകളിൽ പ്രതികളായത് 1389 സർക്കാർ ജീവനക്കാർ. പൊലീസ് സേനയിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസ് പ്രതികളുള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരാണ്. തദ്ദേശസ്വയംഭരണവകുപ്പ് ജീവനക്കാരാണ് വിജിലൻസ് കേസുകളിൽ പ്രതികളാകുന്നവരിൽ കൂടുതലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ക്രിമിനൽ കേസുകളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രതിചേർക്കപ്പെട്ട 1389 സർക്കാർ ജീവനക്കാരിൽ 770 പേർ പൊലീസ് സേനയിലുള്ളവരാണ്. ഇവരിൽ 17 പേരെ വിവിധ ഘട്ടങ്ങളിലായി സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ 188 ജീവനക്കാരാണ് ക്രിമിനൽ കേസുകളിൽ പ്രതികൾ. തദ്ദേശവകുപ്പിൽനിന്ന് 53 പേരും അഞ്ചു വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടു.

അതേസമയം, വിജിലൻസ് കേസുകളിൽ മുന്നിലുള്ളത് തദ്ദേശസ്വയംഭരണവകുപ്പ് ജീവനക്കാരാണ്. 216 ജീവനക്കാരാണ് ഈ വകുപ്പിൽ നിന്നും അഞ്ചുവർഷത്തിനിടെ വിജിലൻസ് കേസുകളിൽ അകപ്പെട്ടത്. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി, പണാപഹരണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കേസുകളാണ് ഇവയിൽ ഭൂരിഭാഗവും. വിജിലൻസ് കേസുകളിൽ രണ്ടാംസ്ഥാനം സഹകരണവകുപ്പിനാണ്. 165 കേസുകൾ സഹകരണവകുപ്പ് ജീവനക്കാർക്കെതിരേയുണ്ട്. ബാങ്ക് തട്ടിപ്പുകൾകൂടി പുറത്തുവന്നതോടെയാണ് സഹകരണ വകുപ്പ് മുന്നിലേക്കെത്തിയത്. 160 റവന്യൂ ജീവനക്കാരും വിജിലൻസ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

1028 ജീവനക്കാരാണ് അഞ്ചുവർഷത്തിനിടെ വിജിലൻസ് കേസുകളിൽ പ്രതിചേർക്കപ്പെട്ടത്. 195 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 22 പേർക്കെതിരേ ട്രിബ്യൂണൽ എൻക്വയറി നടക്കുന്നുണ്ട്. 14 കേസുകളിൽ വകുപ്പുതല നടപടി സ്വീകരിച്ചു. തെളിവില്ലാത്തതിനാൽ 70 കേസുകൾ അവസാനിപ്പിച്ചിട്ടുണ്ട്.

സർക്കാർ ജീവനക്കാർ പ്രതികളായ കേസുകളിൽ അന്വേഷണം വേഗത്തിലാക്കാനും കുറ്റപത്രം പെട്ടെന്ന് സമർപ്പിക്കാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിർണായകസ്ഥാനങ്ങളിൽ നിയമിക്കുന്നതിനും നിയന്ത്രണമുണ്ട്. ഒരോ വകുപ്പും ക്രിമിനൽ കേസിൽപ്പെട്ട ജീവനക്കാരുടെ രജിസ്ട്രർ പ്രത്യേകം സൂക്ഷിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top