തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. കേരള സർക്കാറിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് ലക്ഷ്മി എന്ന തന്റെ മകളുടെ സ്വർണമാല നഷ്ടമായതെന്ന് വിമൽ കുമാർ ഫേസ്ബുക്കിൽ കുറിക്കുന്നു.

തുടർന്ന് പെൺകുട്ടി സ്വർണമാല അന്വേഷിച്ച് ഗ്രൗണ്ട് മുഴുവൻ അലഞ്ഞെന്നും കണ്ടെത്താത്തതിനെ തുടർന്ന് സെക്യൂരിറ്റിയെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം മൈക്കിലൂടെ മാല നഷ്ടമായ വിവരം അറിയിക്കുകയും ചെയ്തു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ വേദിക്കിടയിൽ നിന്നും തന്റെ മകളെ അരികിൽ വിളിച്ച് ആശ്വസിപ്പിച്ചെന്നും പിതാവ് കുറിപ്പിൽ പറയുന്നു.
തുടർന്ന് ജ്വല്ലറിയിൽ കൊണ്ടുപോയി മന്ത്രി അബ്ദു റഹ്മാൻ മകൾ ലക്ഷ്മിക്ക് സ്വർണമാല വാങ്ങി നൽകിയെന്നും ഇതു പോലൊരു മന്ത്രിയെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും വിമൽ കുമാർ പിരപ്പൻകോട് ഫേസ്ബുക്കിൽ കുറിച്ചു.

