പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ ഉണ്ടായ പരാജയത്തിന്റെ കാരണം ഗണേഷ് കുമാറിന്റെ നാക്കാണെന്ന് വിമർശനം. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാനായി സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി ചേർന്ന യോഗത്തിലാണ് ഗണേഷ് കുമാറിന് നേരെ രൂക്ഷ വിമർശനം ഉയർന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് ഗണേഷ് കുമാർ നടത്തിയ പല പ്രസംഗങ്ങളും, മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പല പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നു എന്നും യോഗത്തിൽ വിമർശനം ഉയർന്നു. ജനങ്ങളുടെ യാതൊരു വിധ ഒരാശനങ്ങളിലും മന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ല. പാർട്ടി നേതാക്കളോട് പോലും പുച്ഛഭാവത്തിലായിരുന്നു ഗണേഷ് ഇടപെട്ടിരുന്നത്. എൻഎസ്എസുമായുള്ള വിഷയം വഷളാക്കിയതും ഗണേഷ് കുമാറാണെന്നായിരുന്നുവിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണവും ഗണേഷ് കുമാർ തന്നെയെന്നാണ് അംഗങ്ങൾ വിമർശിച്ചത്.
അതേസമയം, സിപിഎം നേതൃ നിരയ്ക്ക് നേരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പിണറായിയുടെ ധാർഷ്ട്യമാണു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. ചില ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന പിആർ ഏജൻസി മാത്രമായിരുന്നു മുന്നണിയുടെ ഭരണകാലത്തു സിപിഎം സംസ്ഥാന സെക്രട്ടിറിയറ്റ് എന്നും വിമർശനമുയർന്നു.