തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍.

പരമാവധി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും റൂട്ടിലിറക്കുമെന്നും ജീവനക്കാര്‍ക്കെതിരെയുളള കേസുകള്‍ അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഹൃദയാഘാതവും അര്‍ബുദവുമൊക്കെ വന്നവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്ലെറിക്കല്‍ ജോലികളില്‍ നിയമിക്കും. 3600 ഓളം ചെറിയ കേസുകളുണ്ട് ജീവനക്കാരുടെ പേരില്‍. 26 മുതല്‍ തുടര്‍ച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാം.’-മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായി പല തരത്തിലുളള നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്.

