പീരുമേട്: സ്ഥലത്തുണ്ടായിട്ടും ഇടുക്കി പീരുമേട് വനംവകുപ്പിന്റെ എക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി വനംമന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധം ഭയന്നാണ് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ നേരിട്ടെത്താത്തതെന്നാണ് ആരോപണം. പരിപാടി നടക്കുന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റർ മാത്രം അകലെയിരുന്ന് വനംമന്ത്രി പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് നടന്നില്ല. ഇതോടെയാണ് മന്ത്രി ക്ഷണിക്കപ്പെട്ടവരെല്ലാം കാത്തിരിക്കെ തടിതപ്പിയത്. ഇടുക്കി കുട്ടിക്കാനത്താണ് സംഭവം.

കുട്ടിക്കാനത്തിനു സമീപം തട്ടാത്തിക്കാനം പൈൻ ഫോറസ്റ്റിലെ ഇക്കോ ഷോപ്പ് ഉദ്ഘാടനമാണ് മന്ത്രി ഓണ്‍ലൈനില്‍ നടത്താൻ ശ്രമിച്ച് പാളിയത്. വനംമന്ത്രി നേരിട്ടെത്തുമെന്നായിരുന്നു അദ്യ അറിയിപ്പ്. രണ്ടു കിലോമീറ്റർ മാത്രം അകലെ വനംവകുപ്പ് ഐബിയില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.

ഉച്ചയോടെ കുട്ടിക്കാനത്തെത്തിയ മന്ത്രി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ നേരിട്ടെത്തിയില്ല. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രതിഷേധം ഭയന്നായിരുന്നു മന്ത്രിയുടെ ഒളിച്ചോട്ടം.

