കൊല്ലം: ചവറ പന്മനയിലെ ബോട്ട് ജെട്ടിക്ക് സമീപം ലഹരി മരുന്ന് വ്യാപാരം പതിവാണെന്ന് എക്സൈസിന് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ കയ്യേറ്റം ചെയ്ത നാല് യുവാക്കൾ അറസ്റ്റിലായി. കേസിൽ ചവറ സ്വദേശികളായ സിനാൻ, നിഹാസ്, അൽ അമീൻ, നിഹാർ എന്നിവരാണ് പിടിയിലായത്.

വനിതാ ഉദ്യോഗസ്ഥ അടക്കം അഞ്ച് പേരെ മർദ്ദിച്ചെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമാണ് യുവാക്കൾക്ക് എതിരായ കേസ്. ലഹരി മരുന്ന് വ്യാപാരം പതിവാണെന്ന് എക്സൈസിന് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി വനിതാ ഓഫീസർ അടക്കമുള്ള സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തി. അവിടെയുണ്ടായിരുന്ന യുവാക്കളെ പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. എക്സൈസ് സംഘം മടങ്ങാൻ ഒരുങ്ങവേയാണ് രണ്ട് വാഹനങ്ങളിലായി നാല് യുവാക്കൾ എത്തിയത്. ഇവരെ പരിശോധിക്കാൻ എക്സൈസ് സംഘം നടത്തിയ ശ്രമമാണ് വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും കടന്നത്.
ഇതിനിടെ കയ്യിലുണ്ടായിരുന്ന നിരോധിത പുകയില ഉത്പന്നം യുവാക്കളിൽ ഒരാൾ ദൂരേക്ക് വലിച്ചെറിഞ്ഞെന്ന് എക്സൈസ് സംഘം പറയുന്നു. സ്ഥലത്ത് സംഘർഷാന്തരീക്ഷം തുടർന്നതോടെ എക്സൈസ് സംഘം പൊലീസിനെ വിവരം അറിയിച്ചു. ചവറ പൊലീസ് എത്തിയാണ് സിനാൻ, നിഹാസ്, അൽ അമീൻ, നിഹാർ എന്നിവരെ പിടികൂടിയത്

