കൊച്ചി: ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഷൈനി ജോലി ചെയ്‌തിരുന്ന കെയർ ഹോം ഉടമ ഫ്രാൻസിസ്. ഷൈനിയുടെ അവസ്ഥ കേട്ടപ്പോൾ ജോലി നൽകിയതാണ്. മരിക്കുന്നതിന് തലേദിവസം മുൻപും ഷൈനിയെ കണ്ടിരുന്നു.ഭർത്താവിൽ നിന്നും കൊടിയപീഡനമാണ് ഷൈനി അനുഭവിച്ചിരുന്നതെന്നും ഫ്രാൻസിസ് പറഞ്ഞു.

ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നു എന്ന് ഷൈനി പറഞ്ഞിരുന്നു. ജോലിയ്ക്ക് വരുമ്പോൾ ശരീരത്തിൽ പാടുകൾ ഉണ്ടായിരുന്നു. എപ്പോഴും വിഷമത്തോടെയാണ് ഷൈനിയെ കണ്ടിരുന്നതെന്നും ഫ്രാൻസിസ് പറഞ്ഞു. ഷൈനി മാത്രമല്ല ഷൈനിയുടെ കുട്ടികളും പപ്പ മമ്മിയെ തല്ലുന്ന കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും ഫ്രാൻസിസ് വ്യക്തമാക്കി.
ഷൈനിയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷൈനിയുടെ പിതാവും രംഗത്തെത്തി. ബന്ധുക്കളുടെ മുന്നിൽ വെച്ചു പോലും അതിക്രൂരമായി നോബി മർദ്ദിച്ചു. നേരത്തെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ വൈകിയെന്നും പിതാവ് കുര്യാക്കോസ് ആരോപിച്ചു. വീടിൻ്റെ ഗേറ്റ് പൂട്ടി ഷൈനി മക്കളുമായി റെയിൽവേ ട്രാക്കിലേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

