Kerala

‘വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു’; ഇ പി ജയരാജൻ

തിരുവനന്തപുരം: ഇ പി ജയരാജന്‍ വധക്കേസിലെ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഹൈക്കോടതി വിധി പൂര്‍ണ്ണമായും വായിച്ചു കഴിഞ്ഞിട്ടില്ല. അതിന്റെ കാര്യങ്ങള്‍ ഇനിയും മനസിലാക്കാനിരിക്കുന്നതേുള്ളൂ. മനസിലാക്കിയ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ തൻ്റെ ഭാഗവും തെളിവുകളും കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട ഒരുകാര്യമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തീര്‍ച്ചയായും ഈ കേസിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. എത്രവര്‍ഷം കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ജയരാജന്‍ പറഞ്ഞു.

അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു. ആക്രമണം നടത്തുന്നതിനായി വാടക കൊലയാളികളെ അയച്ചത് കെ സുധാകരനാണെന്ന് എഫ്ഐആറിലുണ്ട്. കേസിലെ പ്രതികളിലൊരാളായ പേട്ട ദിനേശന്‍ സുധീഷ് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ആര്‍എസ്എസ് ഗുണ്ടകളെ വാടകക്കെടുത്തത് സുധാകരനാണ്. ഗൂഢാലോചന നടത്തിയത് സുധാകരന്‍ തന്നെയെന്നും ജയരാജൻ പറഞ്ഞു.

ഹൈക്കോടതി അവസാന കോടതിയല്ല. സെഷൻസ് കോടതി വിധിക്കെതിരായിട്ടാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. താനും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കൃത്യമായി തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ചിലപ്പോള്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോയേക്കാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അഴീക്കോട് നിന്നുള്ള ജയകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് നേതാവാണ് സുധാകരന് തോക്ക് കൊണ്ടുപോയി കൊടുത്തത്. തോക്ക് വാങ്ങി നല്‍കിയത് താണാണെന്നും തെറ്റ് പറ്റിപ്പോയെന്നും ജയകൃഷ്ണന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ വെളിപ്പെടുത്തി.

താന്‍ ഫയല്‍ ചെയ്ത കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കെ സുധാകരനെ പ്രതിയാക്കാനും സുധാകരനെതിരെ കേസെടുക്കാനും അന്വേഷണം നടത്താനുള്ള ഉത്തരവായത്. കോടതിയുടെ വിധിക്കെതിരായിട്ടാണ് ഗൂഡാലോചന കേസില്‍ നിന്ന് ഒഴിവാക്കണെമന്ന് ആവശ്യപ്പെട്ടുകൊണ്ട് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും ഇ പി പ്രതികരിച്ചു.

ഇ പി ജയരാജൻ്റെ പ്രതികരണം

‘1995 ഏപ്രില്‍ മാസത്തിലാണ് ഛണ്ഡീഗഢ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിവരുമ്പോള്‍ ആന്ധ്രയില്‍വെച്ച് ട്രെയിനിനുള്ളില്‍വെച്ചാണ് എന്നെ വധിക്കാന്‍ ഒരു ഹീനമായ ശ്രമം രണ്ടുപേര്‍ നടത്തിയത്. വധശ്രമ കേസില്‍ രണ്ടുപേരെ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ വെടിവെച്ച തീവണ്ടിയില്‍ നിന്നും പുറത്തേക്ക് വീണു. പരിക്ക് പറ്റി ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതിയുടെ കയ്യില്‍ റിവോള്‍വര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി അറസ്റ്റ് ചെയ്തു. രണ്ടാമത്തെയാള്‍ വേറൊരു വണ്ടിയില്‍ കയറി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആ പ്രതിയെയും പൊലീസ് പിടികൂടി. കേസില്‍ റെയില്‍വെ പൊലീസ് അന്വേഷണം നടത്തി. പിടിക്കപ്പെട്ട രണ്ട് പ്രതികളും കൃത്യത്തിന് പ്രേരിപ്പിച്ചതും അയച്ചതും തോക്ക് തന്നതും സുധാകരനും മറ്റുമാണെന്ന് റെയില്‍വെ പൊലീസിന് മൊഴി നല്‍കിയിരുന്നു.

പ്രതികളെ പിടിച്ച ഉടനെ തയ്യാറാക്കിയ എഫ്‌ഐആറില്‍ പ്രഥമ ദൃഷ്ട്യാലുള്ള റിപ്പോര്‍ട്ടില്‍ അക്കാര്യം ചെന്നൈ റെയില്‍വെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ അപ്പോള്‍ പരിക്ക് പറ്റി ആശുപത്രിയിലാണ്. ആശുപത്രിയില്‍ വെച്ചാണ് രണ്ടുപേരെ അറസ്റ്റ് ചെയ്ത കാര്യം അറിയുന്നത്. ചോദ്യം ചെയ്തപ്പോഴാണ് അവര്‍ കേരളീയരാണെന്നും തലശ്ശേരി, കൂത്തുപറമ്പുകാരനാണെന്നും അറിയുന്നത്. പൊലീസ് അന്വേഷണത്തിലാണ് ഈ ഭീകര സംഭവത്തിന്റെ വ്യത്യസ്ത വസ്തുതകള്‍ പുറത്തുവരുന്നത്. അവരുടെ ഒന്നാമത്തെ ലക്ഷ്യം ഞാനായിരുന്നില്ല. ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനായിരുന്നു. പിണറായിയും ചടയൻ ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും ഞാനും കുടുംബാംഗങ്ങളും ഒന്നിച്ചാണ് പോയത്. തിരിച്ചുവന്നപ്പോള്‍ ചിലര്‍ ബോംബെ വഴിയും മറ്റുചിലര്‍ മറ്റുവഴികളിലൂടെയുമാണ് വന്നത്.

ഞാന്‍ ട്രെയിനിലാണ് വന്നത്. ആ ട്രെയിനില്‍ താനും ഉണ്ടാകുമെന്ന് കണക്കാക്കിയിട്ടാവാം വാടക കൊലയാളികളെ വെടിവെച്ചുകൊല്ലാന്‍ നിയോഗിച്ചതും തോക്ക് സംഘടിപ്പിച്ചതും. ഇതെല്ലാം കേരളത്തിന്റേയും കണ്ണൂരിന്റേയും ചിത്രത്തില്‍ വളരെ മുന്‍പ് തന്നെ പ്രകടമായി വന്നിട്ടുള്ളതാണ്. എന്നെ വെടിവെച്ചുകൊല്ലാന്‍ തോക്കുമായി വന്ന പ്രതികളായ വിക്രന്‍ചാലിന്‍ ശശി, പേട്ട ദിനേശന്‍ എന്നിവരെ ഓങ്കോള്‍ സെഷന്‍സ് കോടതി17 വര്‍ഷക്കാലം തടവുശിക്ഷയ്ക്ക് വിധിച്ചു. ഒരാള്‍ അതിനിടിയില്‍ മരണപ്പെട്ടുപോയി. പേട്ട ദിനേശന്‍ ഇപ്പോഴും ജയിലിലാണ്. പുറത്തിറങ്ങിയിട്ടില്ല. പേട്ട ദിനേശന്‍ സുധീഷ് കൊലക്കേസിലെ പ്രതിയായിരുന്നു. ഇങ്ങനെ ആര്‍എസ്എസിന്റെ വാടക കൊലയാളികളെ വാടകയ്ക്ക് എടുത്ത് ഡല്‍ഹിയിലും കേരളത്തിലും വെച്ച് നടത്തിയ ഒരു ഗൂഡാലോചനയുടെ ഭാഗമായാണ് സംഭവം ഉണ്ടായത്.

ഈ പ്രതികളെ എനിക്കറിഞ്ഞുകൂട. അവര്‍ക്ക് എന്നേയും അറിഞ്ഞുകൂടാ. എന്നോട് അവര്‍ക്ക് വ്യക്തിപരമായി ഒരു വിദ്വേഷമുണ്ടാകേണ്ട കാര്യമില്ല. അവരെ വാടകയക്ക് എടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി നടത്തിയ സംഭവമാണ്. ഒന്നാമത്തെ ലക്ഷ്യം പിണറായി വിജയനാണ്. ആ ട്രെയിനില്‍ പിണറായി വിജയന്‍ ഉണ്ടായിരുന്നില്ല. ഞാനുണ്ടായിരുന്നു. അതുകൊണ്ടാണ് ഡല്‍ഹി മുതല്‍ പ്രത്യേക ടിക്കറ്റെടുത്ത് ആ ട്രെയിനില്‍ സഞ്ചരിച്ച് ആന്ധ്രയിലെത്തിയപ്പോള്‍ അവസരം കിട്ടിയപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് വെടിവെച്ചത്. ഈ സംഭവങ്ങളെല്ലാം യാഥാര്‍ത്ഥ സംഭവങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. ആ കേസില്‍ സുധാകരന്‍ പ്രതിയാണ്. ഗൂഡാലോചനക്കാരനാണ്. പ്ലാന്‍ ചെയ്തത് സുധാകരനാണ്. സുധാകരനോടൊപ്പം മറ്റുപലരും ഉണ്ടായേക്കാം. ഈ സംഭവത്തില്‍ അന്നത്തെ കേന്ദ്ര ഗവര്‍ണ്‍മെന്റ് പലതരത്തിലും ഇടപെട്ടു. കോടതിയുടെ മുമ്പാകെ വസ്തുതകള്‍ നിരത്തിവെച്ചുകൊണ്ട് സുധാകരനെ കേസില്‍ പ്രതിയായി സ്വീകരിക്കണം. കേസ് സ്പ്ലിറ്റ് ചെയ്ത് അട്ടിമറിക്കാന്‍ അന്നത്തെ കേന്ദ്ര കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നത് തെളിവ് സഹിതം സെഷന്‍സ് കോടതിയില്‍ നേരിട്ട് മൊഴി നൽകിയിരുന്നു. മൊഴിയും തെളിവുകളുമനുസരിച്ചാണ് സുധാകരനുനേരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടത്, ഇ പി ജയരാജന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top