India

തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് വിട്ടുനിന്നു; അധ്യാപികയെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് വിട്ടുനിന്ന അധ്യാപികയ്ക്കെതിരെ വാറണ്ട് പുറത്തിറക്കി. ഹിനാല്‍ പ്രജാപതി ആണ് ഡ്യൂട്ടിയില്‍ പ്രവേശിക്കാതെ ഇരുന്നത്. വീട്ടില്‍ നിന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള സ്ഥലത്തേക്ക് ദൂരം കൂടുതലാണെന്ന് പറഞ്ഞാണ് ഡ്യൂട്ടിക്ക് എത്താതിരുന്നത്. എന്നാൽ സംഭവത്തിൽ അധ്യാപികയ്ക്കെതിരെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ വാറണ്ട് പുറത്തിറക്കുകയായിരുന്നു. ഡ്യൂട്ടിയില്‍ മാറിനിന്ന ഇവരെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗുജറാത്തിലാണ് സംഭവം.

അഹമ്മദാബാദിലെ പ്രൈമറി സ്കൂളിലെ ഒരു അധ്യാപികയെയാണ് തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് വിട്ടുനിന്നതിന്‍റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പ്രവേശിക്കാതിരുന്നതിന് പോളിംഗ് ഓഫീസർ പുറപ്പെടുവിച്ച വാറണ്ടിനെ തുടർന്നായിരുന്നു പൊലീസിന്‍റെ നടപടി. വീട്ടില്‍ നിന്ന് ഏറെ അകലെയാണ് ഇലക്ഷന്‍ ഡ്യൂട്ടി അനുവദിച്ചിരുന്നത് എന്ന കാരണത്താലാണ് അധ്യാപിക തെരഞ്ഞെടുപ്പ് ചുമതലയില്‍ പ്രവേശിക്കാതിരുന്നത്. എന്നാല്‍ കാരണം ബോധ്യപ്പെട്ടതിനെ തുടർന്ന് വാറണ്ടിനൊടുവില്‍ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറും ഡപ്യൂട്ടി കലക്ടറുമായ ഉമാങ് പട്ടേല്‍ അധ്യാപികയ്ക്ക് ചുമതലയേല്‍ക്കേണ്ട സ്ഥലം മാറ്റിനല്‍കി. വീട്ടിന് അടുത്ത ഇടത്തേക്കാണ് ചുമതല പുനക്രമീകരിച്ചത്.

‘ബൂത്ത് ലെവല്‍ ഓഫീസർ ആയിട്ടായിരുന്നു ഫെബ്രുവരി മാസം ഹിനാല്‍ പ്രജാപതിക്ക് ചുമതല നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവർ ഡ്യൂട്ടിയില്‍ പ്രവേശിച്ചില്ല. വീട്ടില്‍ നിന്ന് ഏറെ അകലെയായതില്‍ ജോലിക്കെത്താന്‍ ബുദ്ധിമുട്ടുള്ളതായി ഹിനാല്‍ രേഖമൂലം അറിയിച്ചു. എന്നാല്‍ നേരിട്ടെത്തി വിശദീകരണം നല്‍കാതിരുന്നതോടെ തെരഞ്ഞെടുപ്പിന് ഏറെ സമയം മുന്നിലില്ലാത്തതിനാല്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് വാറണ്ട് പുറത്തിറക്കി. ഇതേ തുടർന്നാണ് പൊലീസ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ അധ്യാപികയുടെ ആവശ്യം ന്യായമാണ് എന്ന് ബോധ്യമായതോടെ വീടിന് തൊട്ടടുത്ത സ്ഥലത്ത് അവർക്ക് പുതിയ ചുമതല നല്‍കിയതായും’ ഉമാങ് പട്ടേല്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top