കണ്ണൂർ: പി പി ദിവ്യയ്ക്കെതിരായ നടപടിയിൽ തല്ലിയും തലോടിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി പ്രസംഗം.

തളിപ്പറമ്പിൽ നടക്കുന്ന സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ടിലും പൊതുചർച്ചയിലും ദിവ്യയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതിന് ചുവട് പിടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. ദിവ്യയെയും പാർട്ടി നടപടിയെയും പൂർണ്ണമായും തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

അദ്ധ്യാത്മ രാമായണത്തിലെ വരികൾ പാടിയായിരുന്നു ദിവ്യക്ക് എതിരായ മുഖ്യമന്ത്രിയുടെ വിമർശനം. ‘താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന് ദിവ്യയെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അതേസമയം, ദിവ്യയെ പൂർണ്ണമായും മുഖ്യമന്ത്രി തള്ളിയതുമില്ല. ദിവ്യ ഒരു ദിവസം കൊണ്ട് ഉണ്ടായ നേതാവല്ല. ദീർഘകാലത്തെ അനുഭവത്തിലൂടെയാണ് നേതാവ് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടിയെന്നും വ്യക്തമാക്കി. ആ സഖാവിന് തിരിച്ച് വരാൻ ഇനിയും അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മനുതോമസ് വിഷയത്തിൽ പി ജയരാജന് നേരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് നടത്തിയത്

