തിരുവനന്തപുരം: ആശമാരുടെ സമരത്തിൽ കേന്ദ്ര സർക്കാരിനെയും ആശ വർക്കർമാരുടെ സമരനേതൃത്വത്തെയും വിമർശിച്ച് സിപിഐഎം മുഖപത്രമായ ദേശാഭിമാനി.

ആശമാരെ കരകയറ്റാൻ കേന്ദ്രം കള്ളകളി നിർത്തണമെന്ന തലക്കെട്ടിലെഴുതിയ ദേശാഭിമാനി എഡിറ്റോറിയലിലാണ് വിമർശനം ഉള്ളത്. അടിക്കടി ആവശ്യങ്ങൾ മാറ്റുന്ന സമരനേതൃത്വം ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ ഉത്തരവാദിത്വം മറച്ചുപിടിക്കാനാണ് ശ്രമിച്ചതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. എട്ടുമണിക്കൂറിലേറെ ജോലി ചെയ്യുന്ന ആശമാരുടെ വേതനം ന്യായമായ ആവശ്യമാണെന്നും എന്നാൽ കേന്ദ്രസർക്കാർ ആശമാരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലായെന്നും ദേശാഭിമാനിയുടെ എഡിറ്റോറിയലിൽ പറയുന്നു.
പ്രതിമാസം കേന്ദ്രം നൽകുന്ന നിശ്ചിത പ്രതിഫലം 2,000 രൂപ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ സമ്മതിച്ചിരുന്നുവെന്നും എന്നാൽ സ്വന്തം ഫണ്ടിൽനിന്ന് പ്രതിമാസം 7,000 രൂപ വീതം ആശമാർക്ക് ഓണറേറിയം നൽകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കളവ് പറയുന്നവരായി ചിത്രീകരിക്കാൻ കേന്ദ്രം ശ്രമിച്ചുവെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നു.

