ഡല്‍ഹി നിയമസഭയിലെ ബിജെപി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ നേതാവ് അതിഷി മാർലേനയുടെ നേതൃത്വത്തില്‍ എഎപി എംഎല്‍എമാര്‍ പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ അതിഷി ഉള്‍പ്പെടെ 12 എഎപി എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇവരെ ബലമായി പുറത്താക്കുകയും ചെയ്തു. പിന്നാലെ എഎപി എംഎല്‍എമാര്‍ വാക്കൗട്ട് നടത്തി.

മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസില്‍ നിന്ന് ബി.ആര്‍.അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ഫോട്ടോകള്‍ നീക്കിയത് ഉന്നയിച്ചാണ് എഎപി പ്രതിഷേധിച്ചത്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അതിഷി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഫോട്ടോ നീക്കിയതായുള്ള ആരോപണം ഉന്നയിച്ചത്. അരവിന്ദ് കേജ്രിവാള്‍ മുഖ്യമന്ത്രിയായിരിക്കുമ്പാഴാണ് ചിത്രങ്ങള്‍ സ്ഥാപിച്ചത്.
അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ നീക്കി പകരം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങളാണ് ഓഫിസില്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ എഎപി ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. ചിത്രങ്ങളുടെ സ്ഥാനം മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം.

