കൊച്ചി: അനധികൃതമായി പാര്‍ക്ക് ചെയ്ത ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു കയറി 39കാരിക്ക് ദാരുണാന്ത്യം. അരൂര്‍-കുമ്പളം ദേശീയപാതയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം. തിരുവല്ല സ്വദേശിനി രശ്മിയാണ് മരിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് രശ്മിയെ പുറത്തെടുത്തത്. രശ്മിയുടെ ഭര്‍ത്താവ് പ്രമോദ് (41), മകന്‍ ആരോണ്‍ (15) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.
തിരുവല്ലയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. പ്രമോദ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ടോള്‍ പ്ലാസയ്ക്ക് സമീപത്തുവെച്ച് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേയ്ക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. രശ്മി ഇരുന്നിരുന്ന ഭാഗത്ത് എയര്‍ബാഗ് ഉണ്ടായിരുന്നെങ്കിലും അത് തുണച്ചില്ല. പ്രമോദിന്റെ ഭാഗത്തെ ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ അദ്ദേഹം വൈകാതെ പുറത്തിറങ്ങി. ഈ സമയം നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. പിന്‍സീറ്റിലിരുന്ന ആരോണിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കാല്‍ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരം ശ്രമിച്ച ശേഷമാണ് ആരോണിനെ പുറത്തെടുക്കാനായത്. രശ്മിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ക് അഴിക്കാന്‍ കഴിയാത്തത് വെല്ലുവിളിയായി. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ച് രശ്മിയെ പുറത്തെടുക്കുകയായിരുന്നു. മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രശ്മിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
അപടകമുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാത്രം മുന്നിലാണ് ടോള്‍ പ്ലാസ. 2023 ലും സമാനമായ രീതിയില്‍ അപകടം സംഭവിച്ചിരുന്നു. അന്ന് പ്രവാസി മലയാളിയാണ് മരിച്ചത്. അന്ന് മുതല്‍ കുമ്പളത്തെ ദേശീയപാതയോരത്ത് പാര്‍ക്കിങ് നിരോധിച്ചിരുന്നു. ഇതിന് പുറമേ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ഇവിടെ അനധികൃതമായി ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്.