ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരിൽ സ്ത്രീകളും മൂന്ന് കുട്ടികൾ ഉൾപ്പെടുന്നുണ്ട്. അൻപതിലധികം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

മഹാകുംഭ മേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകൾ റെയിൽവേ അനുവദിച്ചിരുന്നു ഈ ട്രെയിനുകൾ എത്തിയതോടെ ആളുകൾ തിരക്ക് കൂട്ടിയതാണ് അപകടത്തിലേക്ക് വഴിവച്ചത്. തിക്കിലും തിരക്കിലും അകപ്പെട്ട് പലർക്കും ബോധം നഷ്ടമായി.
പരിക്കേറ്റവരെ വൈകാതെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. പരിക്കേറ്റവരെയും ബോധരഹിതരായവരെയും ആർപിഎഫ് ഉദ്യോഗസ്ഥരും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ആശുപത്രികളിലേക്ക് മാറ്റിയത്. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് ഭൂരിഭാഗമാളുകളെയും എത്തിച്ചത്. ഇവിടെ 10 മരണങ്ങൾ സ്ഥിരീകരിച്ചു. ലേഡി ഹാർഡിങ് ആശുപത്രിയിൽ നിന്ന് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

