India

ബിഹാറില്‍ വ്യാജ മദ്യ ദുരന്തം; ആറ് മരണം, 14 പേര്‍ ആശുപത്രിയില്‍

പട്‌ന: ബിഹാറിലെ സിവാന്‍, സരണ്‍ ജില്ലകളില്‍ വ്യാജ മദ്യം കഴിച്ച് ആറു പേര്‍ മരിക്കുകയും 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സിവാന്‍ ജില്ലയില്‍ നാലും സരണ്‍ ജില്ലയില്‍ രണ്ടും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മാഘര്‍, ഔരിയ പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി ബുധനാഴ്ച രാവിലെ 7.30 ഓടെ വിവരം ലഭിക്കുകയായിരുന്നു. ഇതോടെയാണ് വ്യാജമദ്യ ദുരന്തമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. മറ്റുള്ളവരെ ചികിത്സയ്ക്കായി അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2016 ഏപ്രിലില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചിരുന്നു. 2016 ഏപ്രിലില്‍ സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം 150 ലധികം ആളുകള്‍ വ്യാജ മദ്യം കഴിച്ച് മരിച്ചതായി ബിഹാര്‍ സര്‍ക്കാര്‍ അടുത്തിടെ സമ്മതിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top