ഇടുക്കി അടിമാലി മാങ്കുളത്ത് ഭര്‍ത്താവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മാങ്കുളം താളുങ്കണ്ടം സ്വദേശി മിനിയാണ് (39) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രഘു തങ്കച്ചനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിനിക്ക് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്.

വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ദമ്പതികൾക്ക് മക്കളില്ല. ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

