ഹൈദരാബാദില്‍ റിട്ടയേഡ് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുന്‍ ഡി.ജി.പിയായ വിനയ് രഞ്ജന്റെ ഭാര്യ തനുജ രഞ്ജനാണ് (55) കൊല്ലപ്പെട്ടത്. ജൂബിലി ഹില്‍സിലെ പ്രശാന്‍ നഗറിലുള്ള ഹൈ സെക്യൂരിറ്റി ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലെ വസതിയിലാണ് കൊലപാതകം നടന്നത്.

അജ്ഞാതരായ ഒരുസംഘം ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപാതകം നടത്തിയശേഷം സ്വര്‍ണാഭണരങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍ അടക്കമുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി. ഫൊറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. കൊലപാതകത്തിനു പിന്നില്‍ വീട്ടുജോലിക്കാര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം.
അതിനാല്‍ വീട്ടുജോലിക്കാരെയും കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. എല്ലാ വശങ്ങളില്‍നിന്നും അന്വേഷിക്കുന്നുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.