ഇടുക്കി: മൂലമറ്റത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളികൾ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തി. കനാലിൽ നിന്നാണ് വാക്കത്തി കണ്ടെടുത്തത്. സാജന്‍റെ കൈ വെട്ടിയെടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അശ്വിൻ പറഞ്ഞിരുന്നു. തുടർന്ന് കാന്തം ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് വാക്കത്തി കിട്ടിയത്.

കാഞ്ഞാർ എസ്എച്ച്ഒ കെ എസ് ശ്യാംകുമാർ മൂലമറ്റം ഫയർഫോഴ്‌സിന്റെയും, കെഎസ്ഇ ബോർഡിന്റെയും സഹായത്തോടെ കനാലിലെ വെള്ളം ചെറിയ തോതിൽ കുറച്ചു. ഫയർസ്റ്റേഷൻ ഹൗസ് ഓഫിസർ ടി കെ അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ പൊലീസിനൊപ്പം ഒമ്പതംഗ സംഘമാണ് കനാലിൽ തെരച്ചിലിൽ നടത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30-നാണ് തെരച്ചിൽ തുടങ്ങിയത്. 12 മണിയോടെ വാക്കത്തി കണ്ടെടുക്കുകയായിരുന്നു.
എട്ട് പ്രതികളുടെ വിരലടയാളം ശേഖരിച്ചു. ഇവരെ മൂലമറ്റത്തെ തെളിവെടുപ്പ് പൂർത്തിയാക്കി വെള്ളിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കി.

