പട്ന: ബിഹാറിൽ രണ്ട് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ യുവതിയുൾപ്പെടെ അഞ്ച് പേർ പിടിയിൽ. മകൾ ഗർഭിണിയാകാൻ കുട്ടിയെ ബലി നൽകണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നാണ് സംഭവം.

ഉത്തർപ്രദേശ് സ്വദേശിയായ കുട്ടി ജനുവരി 22നാണ് ബിഹാറിലെത്തുന്നത്. അമ്മയോടൊപ്പം അമ്മയുടെ സഹോദരന്റെ വിവാഹത്തിനായി എത്തിയതായിരുന്നു കുട്ടി.വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടർന്ന് ജനുവരി 29ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൈകാലുകൾ ഛേദിക്കപ്പെട്ട് അഴുകിയ നിലയിലുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബലി നൽകിയതാണെന്ന് കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കാലുകൾ മുറിച്ചുമാറ്റുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ മന്ത്രവാദിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല

