തൃശ്ശൂർ പടിയൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മകൾ രേഖയുടെ ഭർത്താവായ പ്രേംകുമാറിന്റെ ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറത്തിറക്കിയത്.

2019 ൽ ഉദയംപേരൂരിൽ ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച്ചയാണ് വീടിനുള്ളിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ മണി (74) മകൾ രേഖ (43) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് മറ്റൊരു മകൾ വീട്ടിൽ എത്തി നോക്കിയപ്പോഴാണ് വിവരം പുറത്തിറിയുന്നത്.
വീടിൻ്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.

