പൊള്ളാച്ചി: വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി.

പിന്നീട് പൊലീസിൽ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയായ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനും ആയ പ്രവീൺ കുമാർ ആണ് അറസ്റ്റിൽ ആയത്.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാർഥിനി വീട്ടിൽ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രവീൺ കുമാർ വെസ്റ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

