മുംബൈ: ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കം മഹാരാഷ്ട്രയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി.

അഹമ്മദ്‌നഗർ നഗരത്തിലെ ബാഗദ്പട്ടി പ്രദേശത്തെ സീതാറാം സർദ സ്‌കൂളിലാണ് സംഭവം. ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വിദ്യാർത്ഥി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും തുടർന്ന് കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളായ കുട്ടികൾ പറഞ്ഞു.

കത്തികൊണ്ടുള്ള ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ചെവിക്ക് പിന്നിൽ ഒന്നിലധികം പരിക്കുകൾ പറ്റിയിരുന്നു. കുട്ടിയെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടന്നതിനു പിന്നാലെ സ്കൂൾ അധികൃതരിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. രണ്ട് വിദ്യാർത്ഥികളും ഒരേ നാട്ടുകാരാണ്. പ്രതിയായ 12കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

