Kerala

മദ്യലഹരിയില്‍ യുവതിയുമായി രാത്രി വീട്ടിലെത്തിയത് സഹോദരി എതിർത്തു; ചങ്ങനാശ്ശേരിയിൽ സഹോദരിയെ യുവാവ് വെട്ടി

തൃക്കൊടിത്താനം (കോട്ടയം): കഴിഞ്ഞദിവസം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറിൽനിന്ന്‌ മദ്യപിച്ച്‌ ലക്കുകെട്ട് രാത്രി 11-മണിയോടെ വീട്ടിലെത്തി. ഒപ്പമുള്ള യുവതിയെ രാത്രി വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് എതിർത്ത സഹോദരിയെ ക്രൂരമായി ആക്രമിച്ചു. സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവിയർ (27) നെയാണ് തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്.

ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തുകേസിൽ പ്രതിയുമാണ്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് ലഹരി കടത്തുകേസുകൾ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്തുവെച്ച് ഇയാളെ 22 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായിട്ടുണ്ട്. ആറുമാസം റിമാൻഡിലായിരുന്ന ഇയാൾ രണ്ടുമാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

സഹോദരിയെ ക്രൂരമായി ആക്രമിച്ചതിനുശേഷം പ്രതി വീട്ടിൽനിന്ന്‌ ഒളിവിൽ പോവുകയും വീടിനടുത്തുള്ള ഒരു റബ്ബർത്തോട്ടത്തിനുള്ളിൽ ഒളിച്ചിരിക്കുകയുമായിരുന്നു.ഇയാൾ ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. അച്ഛനെയും അമ്മയെയും ഇതിനുമുമ്പും പ്രതി ആക്രമിച്ചിട്ടുണ്ട്. തൃക്കൊടിത്താനം, മാമൂട് ഭാഗങ്ങളിലുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top