അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഗുജറാത്തിൽ ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയിലെ താമസക്കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത് 17-കാരനായ രഹാൻ പട്ടേലാണ്. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പമാണ് രഹാൻ താമസിച്ചിരുന്നത്. സംഭവസമയത്ത് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.

കിടപ്പുമുറിയോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ കെട്ടിയ സുരക്ഷാവല മുറിച്ചാണ് വിദ്യാര്‍ത്ഥി 14 നില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. അപ്പാര്‍ട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ഉടന്‍ മുന്നറിയിപ്പ് അലാറം മുഴക്കുകയും അന്തേവാസികളെ അറിയിക്കുകയുമായിരുന്നു. ആംബുലന്‍സ് എത്തിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ പ്ലസ്ടുപരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ നീറ്റ് യുജി പരീക്ഷയിലും മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് ലഭിക്കുന്നതിനായി നീറ്റില്‍ ഒരു ശ്രമം കൂടെ നടത്താനുള്ള തയ്യാറെടുപ്പില്‍ കൂടിയായിരുന്നു വിദ്യാര്‍ത്ഥി. കരിയര്‍ ഓപ്ഷന് എന്ന നിലയില്‍ ഫാര്‍മസി കോഴ്സിനുളള അഡ്മിഷന് ഫോമും വിദ്യാര്‍ത്ഥി പൂരിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ പൊലിസിന് വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കോച്ചിംഗ് അസോസിയേറ്റുകളുടെയും മൊഴി രേഖപ്പെടുത്തി.

മറ്റൊരു സംഭവത്തിൽ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പെൺകുട്ടി ഇന്നലെ ജീവനൊടുക്കി. പത്തൊൻപതുകാരിയായ അനുങ്കീർത്തനയാണ് മരിച്ചത്. മുൻപ് രണ്ടുതവണ നീറ്റ് എഴുതിയിരുന്ന വിദ്യാർഥിനി മൂന്നാം ശ്രമത്തിനായി പഠിച്ചുവരികയായിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വീണ്ടും പരീക്ഷ എഴുതേണ്ട സാഹചര്യം ഉണ്ടായതിലെ മാനസിക സമ്മർദമാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.