മലപ്പുറം: ഇടതുപക്ഷവുമായി ഇടഞ്ഞ് നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി വി അൻവറിനെ അവഗണിച്ചത് തിരിച്ചടിയായെന്ന സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ ചർച്ച ചെയ്ത് സംസ്ഥാന സെക്രട്ടേറിയറ്റ്.

അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി നൽകാതിരുന്നതും പൂർണമായി അവഗണിച്ചതും വോട്ട് ചോർച്ചയ്ക്ക് കാരണമായി എന്നും പാർട്ടി വിലയിരുത്തുന്നു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഈ വിലയിരുത്തൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അൻവറിന് മറുപടി കൊടുക്കാത്തത് പാർട്ടിക്ക് വലിയ തിരിച്ചടി സൃഷ്ടിച്ചു. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങൾ, സ്വർണക്കടത്ത് ആരോപണം, എടവണ്ണ റിദാൻ ബാസിൽ കൊലക്കേസ്, മുഖ്യമന്ത്രിയും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ചാണ് അൻവർ സർക്കാരിനെതിരെ രംഗത്തുവന്നത്. മണ്ഡലത്തിലുടനീളം അൻവർ ഈ വിഷയങ്ങൾ ചർച്ചയാക്കുകയും ചെയ്തിരുന്നു.

