Kerala

എഡിജിപിയെ മാറ്റിയേ തീരൂ; ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോ​ഗസ്ഥൻ എൽഡിഎഫ് സർക്കാരിന്റെ ഭാ​ഗമാകരുത്: ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ വിവാദങ്ങൾ കനക്കുന്നതിനിടെ കടുത്ത നിലപാടുമായി സിപിഐ. എഡിജിപിയെ മാറ്റിയേ തീരൂവെന്നും ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോ​ഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പറയുന്നത് പാർട്ടിയുടെ നിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു. എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെയും അദ്ദേഹം തള്ളിയിരുന്നു.

എഡിജിപി എം ആർ അജിത് കുമാർ രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം ആർ അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അജിത് കുമാർ ആർഎസ്എസ് നേതാവ് രാംമാധവിനെയും കണ്ടുവെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വ്യക്തമാക്കിയത്. തിരുവനന്തപുരം കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാർ സജീവമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് എഡിജിപി പ്രതികരക്കുന്നത്. ഔദ്യോ​ഗിക വാഹനം ഉപയോ​ഗിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം ഡിജിപിക്ക് നൽകിയ മൊഴിയിൽ എഡിജിപി ആവർത്തിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top