Kerala

സൗജന്യ യാത്ര; പണം നൽകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം: ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകൾ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സിപി ജോൺ.

സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നൽകി യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിലവിൽ അത്തരത്തിലൊരു സംവിധാനമില്ലെന്നും സൗജന്യ യാത്ര ആഗ്രഹിക്കാത്തവർ ഓർഡിനറി ബസുകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പണം നൽകാൻ സ്‌ത്രീ യാത്രക്കാർ ആഗ്രഹിച്ചാലും വാങ്ങാനാകില്ല. കണ്ടക്ടർക്ക് അധിനുള്ള അധികാരമില്ല. നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ ലളിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച യാത്രാ ആനുകൂല്യം അവർ പൂർണ്ണമായി അനുഭവിക്കട്ടെ. കെഎസ്ആർടിസി ബസിൽ കയറുമ്പോൾ ഒരു സ്ത്രീക്ക് പോലും താൻ പാവപ്പെട്ടവളാണെന്ന് പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുത്.

‘ഞാനൊരു സ്ത്രീയാണ്, ആ ഒരു പരിഗണന തന്നെ ഈ ആനുകൂല്യത്തിന് ധാരാളമാണ്’ എന്ന വിപ്ലവകരമായ നിലപാടിലാണ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തത്. മാധ്യമങ്ങൾ ഈ പദ്ധതിക്ക് വലിയ പിന്തുണയാണ് നൽകിയത്. കഴിഞ്ഞ ദിവസം മാത്രം ഓർഡിനറി ബസുകളിൽ 11.84 ലക്ഷം സ്ത്രീകളാണ് സൗജന്യമായി യാത്ര ചെയ്തത്.

ഈ ഇനത്തിൽ ഒരു ദിവസത്തെ യാത്രാ സബ്‌സിഡിയായി 2.46 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടത്. കോർപ്പറേഷന്റെ തിരിച്ചടവുകളിൽ യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്നും അതിനായി കൃത്യമായ ധനസമാഹരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top