തിരുവനന്തപുരം : ജൂൺ 15 മുതൽ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ജൂൺ 10 ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമാകും.

എപിഎൽ, ബിപിഎൽ, സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കും. ട്രാൻസ് ജെൻഡേഴ്സിനും കെഎസ്ആർടിസിയിൽ സൗജന്യമായി യാത്ര ചെയ്യാനാകും. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് മൂലം കെഎസ്ആർടിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നാണ് തീരുമാനമായതെന്നും മന്ത്രി സി പി ജോൺ വ്യക്തമാക്കി.

ഓർഡിനറി സർവീസുകളിൽ മാത്രം സൗജന്യ യാത്ര നടപ്പാക്കുമ്പോൾ 712 കോടതിയോളം രൂപയാണ് ബാധ്യത ഉണ്ടാകുക. നിലവിൽ പെൻഷൻ സാലറിയിനത്തിൽ പോലും സർക്കാരിൽ നിന്നും സഹായം തേടുന്ന കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്നും ഈ തുക നൽകാൻ കഴിയില്ല. സർക്കാർ പദ്ധതിയായതിനാൽ ഈ തുക സർക്കാർ നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.