India

കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

ന്യൂഡല്‍ഹി: കോവാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കോവാക്‌സിന്‍ എടുത്ത മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ട പഠനം വ്യക്തമാക്കിയത്. എന്നാല്‍, ഗവേഷണം നടത്തിയത് ക്യത്യതയോടെ അല്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. ഈ പഠനവുമായി ഐസിഎംആര്‍ സഹകരിച്ചിട്ടില്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതോടെ വാക്‌സിന സ്വീകരിച്ചവര്‍ ഏറെ ആശങ്കയിലായിരുന്നു.

2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനമെന്നായിരുന്നു ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരുടെ അവകാശ വാദം. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലില്‍ ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 291 മുതിര്‍ന്നവരിലും 635 കൗമാരക്കാരിലുമായി ആകെ 926 പേരിലായിരുന്നു പഠനം. ഒരുവര്‍ഷം കഴിഞ്ഞശേഷം 926 പേരില്‍ 50 ശതമാനത്തോളം പേര്‍ക്ക് അണുബാധയുണ്ടായതായി സ്ഥിരീകരിച്ചു. മുതിര്‍ന്നവരില്‍ നാലുപേര്‍ മരിച്ചു. ഈ നാലുപേരും പ്രമേഹബാധിതരായിരുന്നു. മൂന്നുപേര്‍ക്കു ഹൈപ്പര്‍ടെന്‍ഷനും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വസനേന്ദ്രിയത്തിലാണ് ഭൂരിഭാഗം പേര്‍ക്കും അണുബാധയുണ്ടായത്.

ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍, ചര്‍മരോഗങ്ങള്‍ എന്നിവയും ഇവരില്‍ കണ്ടെത്തി. 304 കൗമാരക്കാരിലും (47.9 ശതമാനം), 124 മുതിര്‍ന്നവരിലും ശ്വാസകോശ അണുബാധ റിപ്പോര്‍ട്ട് ചെയ്തു. 10.2 ശതമാനം പേര്‍ക്ക് ത്വക്ക് രോഗങ്ങളും 4.7 ശതമാനം പേര്‍ക്ക് ഞരമ്പ് സംബന്ധമായ പ്രശ്നങ്ങളും 5.8 ശതമാനം പേര്‍ക്ക് പേശി സംബന്ധമായ പ്രശ്നങ്ങളും 5.5 ശതമാനം പേര്‍ക്ക് നാഡീസംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തി. 4.6 ശതമാനം പേര്‍ക്കാണ് ആര്‍ത്തവ ക്രമക്കേടുകള്‍ കണ്ടെത്തിയത്. 0.3 ശതമാനം പേര്‍ക്ക് പക്ഷാഘാതത്തിനുള്ള സാധ്യതകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top