കൊച്ചി: ഭർത്താവിന് നിശ്ചിത പ്രായപരിധി കഴിഞ്ഞുവെന്നതിൻറെ പേരിൽ ഭാര്യക്ക് കൃത്രിമ ഗർഭധാരണ ചികിത്സ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത് വിവേചനമാണെന്ന് കോടതി വിലയിരുത്തി. ദമ്പതികളെ ഒന്നിച്ച് പരിഗണിച്ച് പ്രായം വിലയിരുത്തേണ്ടതില്ലെന്നും ദമ്പതികളിൽ ഒരാളുടെ പ്രായപരിധിയുടെ പേരിൽ പങ്കാളിക്ക് അവസരം നിഷേധിക്കുന്നത് വിവേചനമാണെന്നും ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി.

മലപ്പുറം സ്വദേശിയായ 46കാരിക്ക് ദാതാവിന്റെ ബീജകോശങ്ങൾ ഉപയോഗിച്ച് ഗർഭധാരണ ചികിത്സ തുടരാൻ കോടതി ഉത്തരവിട്ടു.
സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെതിരെ യുവതി നൽകിയ ഹർജിയാണ് പരിഗണിക്കുകയായിരുന്നു കോടതി. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് പ്രകാരം കൃത്രിമ ഗർഭധാരണ ചികിത്സക്ക് നിയമാനുസൃത പ്രായപരിധി പുരുഷന് 55-ഉം സ്ത്രീക്ക് 50-ഉം ആണ്.

