തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല സമിതി ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11.30ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനെ തുടർന്നുള്ള വകുപ്പുകളുടെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തും.
മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനൊപ്പം പ്രധാനപ്പെട്ട പരിഹാര നടപടികളും മന്ത്രിസഭാ യോഗം നിർദേശിച്ചിരുന്നു. പ്രശ്‌നബാധിത മേഖലകളിൽ കൂടുതൽ വാച്ചർമാരെ നിയോഗിക്കുക, നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളെ ശാക്തീകരിക്കുക, വനത്തിനുള്ളിൽ മൃഗങ്ങൾക്ക് വെള്ളം ഉറപ്പാക്കുക തുടങ്ങി 20 നിർദേശങ്ങളാണ് മന്ത്രിസഭാ യോഗം മുന്നിൽ വെച്ചിരിക്കുന്നത്. നിർദേശങ്ങളുടെ പ്രവർത്തന പുരോഗതി ഇന്ന് ചേരുന്ന ഉന്നതതല യോഗം വിലയിരുത്തും.