കൊച്ചി: ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്തെത്തിയത്. ‘ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ്.
സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചു. കെ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി അബൂബക്കറും ഗാനം എഴുതാൻ ആവശ്യപ്പെട്ടുവെന്നും പിന്നീട് എഴുതി കൊടുത്ത ഗാനം മാറ്റിയെഴുതാൻ ഇരുവരും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തിരുത്തി കൊടുത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്നറിയിച്ചില്ല. പിന്നെ കണ്ടത് കവികളിൽ നിന്ന് കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മൂവായിരത്തിലധികം പാട്ടുകളെഴുതിയ തനിക്ക് കെ സി അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.