മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നീതി തേടി സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും അങ്കമാലി എം.എൽ.എ. റോജി എം. ജോണും ഛത്തീസ്ഗഢിലേക്ക് തിരിച്ചു.

തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കുടുംബം. ഛത്തീസ്ഗഢ് പോലീസ് ഒരു തെറ്റും ചെയ്യാത്തവരെ പീഡിപ്പിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും, അധികാരികളിൽ സമ്മർദ്ദം ചെലുത്തുന്നതിനും എം.എൽ.എയുടെ സാന്നിധ്യം നിർണായകമാകുമെന്നും അവർ വിശ്വസിക്കുന്നു.
കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്തിരുന്ന കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയായിരുന്നു എന്ന് ആരോപിച്ചാണ് ബജ്റംഗ് ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്. തുടർന്ന് ടി.ടി.ഇ.യുടെ അറിയിപ്പിനെ തുടർന്ന് റെയിൽവേ പോലീസ് എത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങളോടൊപ്പം വന്നതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് എത്തിയതെന്നും കന്യാസ്ത്രീകൾ പൊലീസിനെ അറിയിച്ചു. നിലവിൽ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിട്ടുള്ളത്