തൊടുപുഴ: സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. തൊടുപുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനം സി വി വർഗീസിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

39 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം പുതിയതായി തിരഞ്ഞെടുത്തു. നാല് പുതുമുഖങ്ങളാണ് പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചിരിക്കുന്നത്. കെ ജി സത്യൻ, എം തങ്കദുരൈ, തിലോത്തമ സോമൻ, ലിസി ജോസ് എന്നിവരാണ് പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഇടംനേടിയത്.
2022ൽ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് സിവി വർഗീസ് ആദ്യമായി സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരുന്നത്. കെഎസ്‌വൈഎഫിലൂടെയാണ് സി വി വർഗീസ് പൊതുരംഗത്തേയ്ക്ക് വരുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു. കർഷക സംഘം ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

