എലത്തൂര്‍: ഗതാഗതനിയമങ്ങള്‍ പാലിക്കാതെ മരണപ്പാച്ചില്‍ നടത്തുന്ന ബസുകള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിപ്പ്. ഡ്രൈവര്‍മാര്‍ ലൈസന്‍സില്ലാത്ത ബസ് ഓടിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് സിറ്റി-മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന അദ്വൈത് ബസ് ബുധനാഴ്ച ട്രാഫിക് എസ്.ഐ. അജിത്ത് കുമാര്‍ പിടികൂടി.

വഴിയില്‍ തടഞ്ഞ് ലൈസന്‍സ് കാണിക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ലൈസന്‍സില്ലെന്ന് ബോധ്യപ്പെട്ടതോടെ ഡ്രൈവര്‍ കരുവശ്ശേരി സ്വദേശി അശ്വിന്‍ (19)ല്‍ നിന്ന് 10500 രൂപ പിഴ ഈടാക്കി. ലൈസന്‍സില്ലാതെ ബസ് ഓടിക്കുന്നവരുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്.
മദ്യപിച്ച് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെയും പിടികൂടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം 12-ഓളം ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇന്‍ഷൂറന്‍സ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേയും നടപടിതുടങ്ങി.

