മുൻ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. സത്യസന്ധമായി ചുമതല നിർവ്വഹിക്കാൻ കഴിയാത്ത സംഘടനയായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാറിയെന്ന് പറഞ്ഞായിരുന്നു ഗോകുൽ ഗോപിനാഥ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി രണ്ടാം ഓപ്ഷൻ അല്ല, തൻ്റെ ഇഷ്ടമാണെന്നും ഗോകുൽ പറഞ്ഞു.

17 വർഷം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രാദേശിക ചുമതലകളിലടക്കം പ്രവർത്തിച്ച ശേഷമാണ് ഗോകുൽ ഗോപിനാഥ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. തന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും സിപിഐഎമ്മിലെ പെട്ടി തൂക്കുകാരുടെ ശിങ്കിടിയായല്ല ജനിച്ചതെന്നും ബിജെപി അംഗത്വം നേടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ഗോകുൽ പറഞ്ഞു.

