ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ അപരനെ രംഗത്തിറക്കിയെന്ന് ആരോപണം ശക്തമാക്കി ബിജെപി. ഈ അപരനെ കണ്ടെത്തിയെന്നും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാന സന്ദർശനം കഴിഞ്ഞാലുടൻ താൻ വാർത്താസമ്മേളനം വിളിച്ച് വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഹിമന്ദ പ്രഖ്യാപിച്ചത്.
ഭാരത് ജോഡോ ന്യായ് യാത്രയിൽ ഭൂരിഭാഗം ഇടങ്ങളിലും ജനങ്ങളെ കൈവീശി കാണിച്ച് പ്രത്യക്ഷപ്പെട്ടത് രാഹുലിന്റെ അപരനാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇയാളുടെ ഫോട്ടോ ഒരു മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഹിമന്ദ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആ അപരൻ ആരാണെന്ന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അസമിൽ നിന്ന് പ്രധാനമന്ത്രി തിരികെപ്പോയാലുടൻ വാർത്താ സമ്മേളനം വിളിച്ച് ഞാൻ കാര്യങ്ങൾ വ്യക്തമാക്കാം. ഹിമന്ദ മാധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തുന്നത്.