Kerala

‘ടൂറിസം വകുപ്പ് എന്തിന് എക്സൈസിനെ മറികടന്നു?’; മദ്യനയത്തിൽ സർക്കാരിനോട് ആറു ചോദ്യങ്ങളുമായി വി ഡി സതീശൻ

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടേയും ടൂറിസം മന്ത്രിയുടേയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ടുമാസമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ചീഫ് സെക്രട്ടറി കഴിഞ്ഞമാസം വിളിച്ചുചേര്‍ത്ത പ്രതിമാസ യോഗത്തില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ മെയ് 21 ന് ടൂറിസം വകുപ്പ് യോഗം ചേര്‍ന്നിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവുണ്ട്. സൂം മീറ്റിങ്ങാണ് വിളിച്ചത്. മെയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തിട്ടുണ്ട്. യോഗത്തില്‍ ഡ്രൈ ഡേയും ബാറിന്റെ സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ ബാറുടമകളുടെ സംഘടന യോഗം ചേര്‍ന്നതും പണപ്പിരിവ് നടന്നതെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു

 

സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മെയ് 21-ലെ മീറ്റിങ് കഴിഞ്ഞിട്ടാണ് ബാര്‍ ഉടമകള്‍ പണം കളക്ട് ചെയ്ത് കൊടുക്കാന്‍ തുടങ്ങിയത്. പണം കൊടുത്തില്ലെങ്കില്‍ മദ്യനയത്തില്‍ മാറ്റം വരില്ലെന്ന് വളരെ കൃത്യമായിട്ടാണ് ബാര്‍ ഉടമ പറഞ്ഞിരിക്കുന്നത്. മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്‌സൈസ്, ടൂറിസം മന്ത്രിമാര്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തില്‍ എക്‌സൈസ് വകുപ്പിന്റെ അബ്കാരി നയത്തില്‍ മാറ്റം വരുത്താന്‍ ടൂറിസം വകുപ്പിന് എന്താണ് കാര്യമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്താന്‍ എന്താ കാര്യം. ടൂറിസം വകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. അബ്കാരി പോളിസി തയ്യാറാക്കേണ്ടത്. ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതും പൈലറ്റ് ചെയ്യേണ്ടതും എക്‌സൈസ് വകുപ്പാണ്. ടൂറിസം വകുപ്പ് വിഷയത്തില്‍ ഇടപെടല്‍ നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്.

‘കരുണാകരനെ മാറ്റണമെന്ന് എല്ലാ യുഡിഎഫ് നേതാക്കളും സമ്മർദ്ദം ചെലുത്തി; ഒരാൾ മാത്രം മാറ്റം ആഗ്രഹിച്ചില്ല’

സര്‍ക്കാരിനോട് ആറു ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്തുകൊണ്ടാണ് ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ മറികടന്ന് വിഷയത്തില്‍ ഇടപെട്ടത് ?.

ടൂറിസം വകുപ്പിന് അനാവശ്യ തിടുക്കം എന്തിനാണ് ?.

രണ്ടു മന്ത്രിമാരും ഒരു ചര്‍ച്ചയും നടന്നിട്ടില്ല എന്ന് കള്ളം പറഞ്ഞത് എന്തിനാണ് ?.

ഡിജിപിക്ക് എക്‌സൈസ് മന്ത്രി പരാതി നല്‍കിയത് എന്തിനാണ്. അഴിമതി മറച്ചു പിടിക്കാന്‍ വേണ്ടിയാണോ?

കെ എം മാണിക്കെതിരെ ബാര്‍കോഴ ആരോപണം വന്നപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. എന്തുകൊണ്ടാണ് ആ മാതൃക ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യാത്തത് ?.

ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് ?.

ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേ മതിയാകൂ എന്ന് വിഡി സതീശന്‍ പറഞ്ഞു. എക്‌സൈസ്, ടൂറിസം മന്ത്രിമാര്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top