ന്യൂഡൽഹി: കൽക്കാജി മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിയ്ക്കെതിരെ രൂക്ഷ വിമർശനം.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അതിഷി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിഷിയുടെ നൃത്തത്തിനെതിരെ എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ നിശിത വിമർശനവുമായി രംഗത്ത് വന്നു. ‘നാണമില്ലാത്ത പ്രകടനം’ എന്നായിരുന്നു അതിഷിയ്ക്കെതിരായ സ്വാതി മലിവാളിൻ്റെ വിമർശനം.
കൽക്കാജി നിയമസഭാ സീറ്റിൽ വിജയിച്ചതിന് പിന്നാലെ അനുയായികൾക്കൊപ്പം അതിഷി നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരാജയപ്പെടുകയും എഎപിയ്ക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്ത സമയത്ത് അതിഷി നടത്തിയ ആഘോഷത്തെയാണ് മലിവാൾ ചോദ്യം തിരിക്കുന്നത്.

