India

കൈയില്‍ കറുത്ത കല്ല് പതിച്ച വള, മുറിവുണ്ടാക്കാന്‍ വെവ്വേറെ ബ്ലേഡുകള്‍; അരുണാചലിലെ മലയാളികളുടെ മരണത്തിന് പിന്നില്‍ ആഭിചാരക്രിയയോ?

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൊഴികളും ലഭിച്ച തുമ്പുകളും മൂവരും ആഭിചാരക്രിയ നടത്തിയെന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന് കേരള പൊലീസ്. നവീന്‍ തോമസിന്റെയും ഭാര്യ ദേവിയുടെയും ഇവരുടെ സുഹൃത്ത് ആര്യയുടെയും മൃതദേഹങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ മൂവരുടെയും കൈത്തണ്ട മുറിച്ചനിലയിലായിരുന്നു.

ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു. ഇത് ആഭിചാരക്രിയയുടെ ഭാഗമായാണ് എന്ന് പൊലീസ് സംശയിക്കുന്നു. മുറിയില്‍ ആഭിചാര ക്രിയ നടത്തുമ്പോള്‍ അണിഞ്ഞ ആഭരണങ്ങളില്‍ ഒന്നാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റേസര്‍ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നാണ് പൊലീസ് പറയുന്നത്.

മരണാനന്തര ജീവിതത്തെ കുറിച്ച് ആര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചത് നവീന്‍ ആണെന്നാണ് ആര്യയുടെ കുടുംബത്തിന്റെ മൊഴി. അതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അതേ സമയം, മൂവരും താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അരുണാചല്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ‘ദമ്പതികള്‍ക്ക് പ്രദേശത്തുള്ള ആരെങ്കിലുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയാന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പ്രഥമദൃഷ്ട്യാ, ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് ബലം നല്‍കുന്ന തുമ്പുകള്‍ ലഭിച്ചിട്ടില്ല. അവരെ ഹോട്ടലില്‍ ഇറക്കിയ ടാക്‌സി ഡ്രൈവറെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ വഴിയില്‍ ആരെങ്കിലുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ടാക്‌സി ഡ്രൈവറെ ചോദ്യം ചെയ്യേണ്ടതുണ്ട്’- സീറോ എസ്പി കെനി ബഗ്ര ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top