ബത്തേരിയിൽ വൻ എം.ഡി. എം.എ വേട്ട. മലദ്വാരത്തിൽ ഒളിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി ബസ് യാത്രികനായ യുവാവ് അറസ്റ്റിൽ.

വയനാട് പോലീസാണ് ഇയാളെ വിദഗ്ധമായി പിടികൂടിയത്. കവറടക്കം 64 ഗ്രാം എം.ഡി.എം.എ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

കോഴിക്കോട് പരപ്പൻ പൊയിൽ, തെക്കേ പുരയിൽ വീട്ടിൽ സനീഷ് കുമാർ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ബത്തേരിയിൽ നിന്ന് പിടികൂടിയത്. ഇയാളെ ബത്തേരിയിലെ ഹോസ്പിറ്റലിൽ എത്തിച്ച് സ്കാൻ ചെയ്യുകയായിരുന്നു.

പരിശോധനയിൽ വയറ്റിനുള്ളിൽ ഉരുള രൂപത്തിൽ സൂക്ഷിച്ച നിലയിൽ ലഹരി കണ്ടെത്തുകയുമായിരുന്നു. ശേഷം വിദഗ്ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഇയാളെ കൊണ്ടുപോയി.
ബത്തേരി കോട്ടക്കുന്നിൽ വച്ചു കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ് ആർ ടി സി ബസിൽ പരിശോധന നടത്തി വരവേയാണ് ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ഇയാളെ പിടി കൂടുന്നത്.